ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലായാണ് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അതിയന്നൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ 5 പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്. അതിയന്നൂർ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് 60.13 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 13 വാർഡുകളുമുണ്ട്.
വടക്കു ഭാഗത്ത് തിരുവനന്തപുരം കോർപ്പറേഷനും, നേമം ബ്ലോക്കും, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയും, കിഴക്കു ഭാഗത്ത് നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയും, പാറശ്ശാല ബ്ലോക്കും തെക്കു ഭാഗത്ത് പാറശ്ശാല ബ്ലോക്കും, അറബിക്കടലും പടിഞ്ഞാറു ഭാഗത്ത് അറബിക്കടലുമാണ് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻറെ അതിരുകൾ.
1952 ൽ അതിയന്നൂർ വികസന ബ്ലോക്കിനെ 1962 ൽ കേറള സർക്കാർ വെള്ളായണി കാർഷിക കോളേജിൻറെ ഫീൽഡ് ലൈബ്രറിയായി പ്രഖ്യാപിച്ചു. 1996 ഒക്ടോബർ 2 നാണ് ഇന്നത്തെ നിലയിലുള്ള ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്. തിരു കൊച്ചി സംസ്ഥാനത്ത് നടാടെ രൂപം കൊണ്ട പദ്ധതി പ്രകാരം , 1952 ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ ഈ പ്രദേശം ഉൾപ്പെടുന്ന നെയ്യാറ്റിൻകര വിളവങ്കോട് കമ്മ്യൂണിറ്റി പ്രോജക്ട് നിലവിൽ വന്നു. അടുത്ത വർഷം പ്രോജക്ടിനെ 7 എൻ. ഇ. എസ് ബ്ലോക്കുകളായി വിഭജിച്ചതിലൊന്നായിരുന്നു അതിയന്നൂർ എൻ. ഇ. എസ് ബ്ലോക്ക്.
1956 ൽ കേരള സംസ്ഥാന രൂപീകരമത്തെ തുടർന്ന് അതിയന്നൂർ എൻ. ഇ.എസ് ബ്ലോക്ക് പ്രദേശം നേമം, പെരുങ്കടവിള, പാറശ്ശാല, അതിയന്നൂർ എന്നിങ്ങനെ 4 വികസന ബ്ലോക്കുകളായി 1952 ഒക്ടോബർ 2-ന് അന്നത്തെ തിരു –കൊച്ചി സംസ്ഥാന മുഖ്യമന്ത്രി എ.ജെ ജോൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു പ്രോജക്ചിൻറെ ഉദ്ഘാടന കർമ്മം നീർവ്വഹിച്ചത്. ഇന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രദേശവും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയും ഉൾപ്പടെ അതിയന്നൂർ ബ്ലോക്ക് 84.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രദേശമായിരുന്നു. മുൻസിപ്പാലിറ്റിയെ ബ്ലോക്കിൽ നിന്നും വേർപെടുത്തിയതോടെ 73.73 ടതുരശ്ര കിലോമീറ്ററായി വിസ്തൃതി കുറഞ്ഞു.
പുരതനമായ രാജ്യത്തിൻറെ തലസ്ഥാനവും പൌരാണിക തുറമുഖപട്ടണവും പട്ടാള സിരാകേന്ദ്രവുമായിരുന്ന വിഴിഞ്ഞം പ്രദേശം അതിയന്നൂർ ബ്ലോക്കിലാണ് ഉൾപ്പെടുന്നത്. പഞ്ചപാണ്ഡവൻമാർ ജലപാനം ചെയ്യാൻ ഉണ്ടാക്കിയതന്ന് ഐതിഹ്യമുള്ളതാണ് കോട്ടുകാൽ പ്രദേശത്തെ കിണ്ണികുഴി. വർഷങ്ങൾക്കു മുമ്പ് കൊച്ചി മുതൽ കുളച്ചൽ വരെ ഉണ്ടായിരുന്ന ജലഗതാഗതമാർക്ഷമായ ‘ അനന്ത വിക്ടോറിയ മാർത്താണ്ഡൻ കനാൽ‘ ഈ ബ്ലോക്കിലെ ഗ്രാമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മഹാത്മഗാന്ധിയുടെ പാദസ്പർശമേറ്റ ഗ്രാമങ്ങളാണ് അതിയന്നൂർ ബ്ലോക്കിലെ ഊരൂട്ടുകാലയും വെങ്ങാനൂരും. കൂടുതൽ കുളങ്ങളും നീരുറവകളും നൽകി പ്രകൃതി അനുഗ്രഹിച്ച അതിയന്നൂരും ജനസാന്ദ്രതയിൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച കരുംകുളവും മഹാനായ അയ്യൻകാളിക്ക് ജന്മം നൽകിയ വെങ്ങാനൂരും അതിയന്നൂരിലാണ് സ്ഥിതി ചെയ്യുന്നത്. ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളം കടൽപ്പുറവും ഐതീഹ്യങ്ങളിലെ കേരല സൃഷ്ടിയുടെ പിതാവായ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശവും അടുത്ത കാലം വരെ അതിയന്നൂർ ബ്ലോക്കിലായിരുന്നു ഉൾപ്പെട്ടിരുന്നത്. ഗ്രാമകഥാപാട്ടിൻറെ കർത്താവായ മഹാകവി അയ്യിപ്പിള്ളി ആശാൻറെ ജന്മസ്ഥലമായ ആവാട് തുറയും ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച കുന്നംപാറയിലെ സുബ്രഹ്മണ്യ ക്ഷേത്രവും നാടൻ ആയോധനകലയുടെയും മർമ്മ ചികിത്സയുടേയും ഈറ്റില്ലമായ കാഞ്ഞിരംകുളവും മറ്റുമാണ് ബ്ലോക്കിലെ ഇതര ആകർഷണ കേന്ദ്രങ്ങൾ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് ജന്മം നൽകിയ നെയ്യാറ്റിൻകര, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിനോട് തൊട്ടുരുമ്മി കിടക്കുന്നു.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, അന്തർദേശീയ വിനോദ സഞ്ചാര കേന്ദ്രമായ കോവളം എന്നിവ ഉൾപ്പെടുന്ന അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിൻറെ സമ്പദ് വ്യവസ്ഥ കേരളത്തിൻറെ പൊതുവായ സ്ഥിതിയിൽ നിന്നും ഒട്ടും ഭിന്നമല്ല. പ്രകൃതിദത്തമായ വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്റ തലത്തിൽ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയതാണ്.